ഒറ്റയ്ക്കു സഞ്ചരിച്ച വാഹനത്തിന്‍റെ ടയറിന്‍റെ കാറ്റ് പോയതിനാല്‍ രാത്രി വഴിയില്‍ കുടുങ്ങിയ യുവതിക്ക് പോലീസ് രക്ഷകരായി. സംഭവം വിവരിച്ച് സ്റ്റേറ്റ് പോലീസ് മീഡിയാ സെന്‍റര്‍ ഫേസ് ബുക്ക് പേജിലെ പോസ്റ്റ് മണിക്കൂറുകള്‍ക്കകം വൈറലായി.
തിരുവനന്തപുരം സന്ദര്‍ശിച്ചശേഷം കോഴിക്കോട്ടേയ്ക്ക് മടങ്ങുകയായിരുന്ന കടലുണ്ടി സ്വദേശിനിയായ ശബ്ന എന്ന യുവതിക്കാണ് പോലീസിന്‍റെ പുതിയ സ്ത്രീസുരക്ഷാ പദ്ധതിയായ നിഴല്‍ മുഖേന സഹായം ലഭിച്ചത്. രാത്രി 9.30ഓടെ ദേശീയപാതയില്‍ തൃശൂര്‍ കൊരട്ടി പോലീസ് സ്റ്റേഷനുസമീപം ചിറങ്ങരയില്‍ വെച്ചാണ് കാറിന്‍റെ ടയറില്‍ കാറ്റില്ലെന്ന കാര്യം ശബ്നയുടെ ശ്രദ്ധയില്‍ പെട്ടത്. വിജനമായ റോഡില്‍ കടകള്‍ ഒന്നും തുറന്നിരുന്നില്ല. മറ്റ് സഹായങ്ങള്‍ ലഭിക്കില്ലെന്ന് ബോധ്യമായതോടെ അവര്‍ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു.
വിവരങ്ങള്‍ മനസ്സിലാക്കിയ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥന്‍ കൊരട്ടി പോലീസിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കി. പത്തുമിനിട്ടിനകം തന്നെ കൊരട്ടി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി. സ്പെയര്‍ ടയര്‍ ഘടിപ്പിക്കുന്നതിന് മെക്കാനിക്കിന്‍റെ സഹായം ആവശ്യമാണെന്നു മനസ്സിലാക്കിയപ്പോള്‍ പോലീസ് സംഘം മെക്കാനിക്കിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് ടയര്‍ മാറ്റി ഘടിപ്പിച്ചു. മറ്റ് ടയറുകളില്‍ ആവശ്യത്തിന് കാറ്റില്ലെന്ന് സംശയം തോന്നിയതിനാല്‍ ഏകദേശം നാലു കിലോമീറ്റര്‍ അകലെയുള്ള വര്‍ക്ക് ഷോപ്പിലേയ്ക്ക് കാര്‍ കൊണ്ടുചെല്ലാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. അങ്ങനെ ശബ്നയും പോലീസ് സംഘവും വര്‍ക്ക് ഷോപ്പിലെത്തി കട തുറപ്പിച്ച് ടയറുകള്‍ പരിശോധിച്ചു. കാറ്റ് പോയ ടയറിന്‍റെ കേടുപാടുകള്‍ നീക്കി.
സഹായിച്ച പോലീസ് സംഘത്തിനും കണ്‍ട്രോള്‍ റൂം ജീവനക്കാര്‍ക്കും മെക്കാനിക്കിനും നന്ദി പറഞ്ഞാണ് ശബ്ന യാത്ര പുനരാരംഭിച്ചത്.
0 Comments